‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി…. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ കമ്മീഷണർക്ക് പരാതി നൽകി മാനേജർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര കലഹങ്ങളും വിവാദങ്ങളും ഒടുങ്ങുന്നില്ല. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി സംഘടനയുടെ മാനേജർ അതുല്യ രംഗത്തെത്തിയതോടെ സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറി പുതിയ തലത്തിലേക്ക് കടന്നു. തനിക്കെതിരെ തൊഴിൽ പീഡനവും അപകീർത്തിപ്പെടുത്താനായി വൻ ഗൂഢാലോചനയും നടന്നുവെന്ന് കാണിച്ച് അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

താനും അതുല്യയും തമ്മിൽ അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറഞ്ഞ് പരത്താൻ ക്ഷേമ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ നിർബന്ധിച്ചതായാണ് പരാതിയിലെ പ്രധാന ആരോപണം. അതുല്യയെ വ്യക്തിപരമായി അധിക്ഷേപിക്കാനും കരിയർ തകർക്കാനുമായി വലിയ ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നു. ഇതിനായി കുക്കു പരമേശ്വരൻ തന്നെ നിർബന്ധിച്ചിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ സംഘടനയ്ക്കുള്ളിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മാനേജരുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ഭരണസമിതി പിരിച്ചുവിടലിനും പുനഃസംഘടനയ്ക്കും ശേഷവും താരസംഘടനയായ ‘അമ്മ’ ശാന്തമായിട്ടില്ല എന്നാണ് ഈ പുതിയ സംഭവം വ്യക്തമാക്കുന്നത്. ഭാരവാഹികൾക്കെതിരെ ജീവനക്കാർ തന്നെ പരസ്യമായി രംഗത്തുവന്നത് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുല്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖ കൂടി പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടികളിലേക്ക് കടക്കുക. ഈ വിഷയത്തിൽ കുക്കു പരമേശ്വരനോ ‘അമ്മ’യുടെ മറ്റ് ഭാരവാഹികളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!