പച്ചവെള്ളം പോലെ മലയാളം, എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി നേപ്പാള്‍ സ്വദേശി

കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികവ് തെളിയിച്ചവരില്‍ നേപ്പാള്‍ സ്വദേശിയും. മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി സിദ്ധത്ത് ഛേത്രി എന്ന വിദ്യാര്‍ഥി സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്നു. എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയുടെ ഉന്നത വിജയത്തില്‍ അധ്യാപകരും അതീവ സന്തോഷത്തിലാണ്.

‘വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധത്ത്. ഇതര സംസ്ഥാനത്ത് നിന്നെത്തി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ‘റോഷ്ണി’ പദ്ധതിയുടെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയം,’ ഹെഡ്മാസ്റ്റര്‍ റെനി വി കെ പറയുന്നു.

ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ കോടംകുളങ്ങരയിലെ സ്‌കൂളില്‍ പഠിച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് സിദ്ധത്ത് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയിരുന്നുവെന്നും അധ്യാപകന്‍  പ്രതികരിച്ചു. 14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുന്നവരാണ് സിദ്ധത്തും കുടുംബവും. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്‍ഡറാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!