ഇനി വെറും 58 റൺസ് മാത്രം മതി! കോഹ്‌ലിയെ കാത്ത് അടുത്ത റെക്കോര്‍ഡ്

ഹൈദരാബാദ്: വിരാട് കോഹ്‌ലിയുടെ നേട്ടങ്ങളുടെ ബുക്കില്‍ റെക്കോര്‍ഡുകളുടെ നീണ്ട പട്ടിക തന്നെ കാണാം. ഐപിഎല്ലില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ഒരു പുതിയ റെക്കോര്‍ഡ് കോഹ്‌ലി കാത്തിരിക്കുന്നു.

പ്ലേ ഓഫ് ഉറപ്പാക്കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തില്‍ 58 റണ്‍സ് കൂടി നേടിയാല്‍ താരം ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കും.

തുടര്‍ച്ചയായി നാല് സീസണുകളില്‍ 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറും. സീസണില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കോഹ്‌ലി ആറാം സ്ഥാനത്തുണ്ട്. 542 റണ്‍സും സ്വന്തം. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി. 13 കളിയില്‍ നിന്നാണ് ഇത്രയും റണ്‍സ്.

ഇന്നത്തെ മത്സരത്തില്‍ 58 റണ്‍സ് നേടിയില്ലെങ്കിലും ഈ സീസണില്‍ തന്നെ റെക്കോര്‍ഡ് കുറിക്കാന്‍ സൂപ്പര്‍ താരത്തിനു അവരമുണ്ട്. 18 പോയിന്റുമായി ആര്‍സിബി നിലവില്‍ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ താരത്തിനു മുന്നില്‍ ഇനിയും ചുരുങ്ങിയത് 2 മത്സരം കൂടി ബാക്കിയുണ്ട്.

നിലവില്‍ 3 സീസണുകള്‍ അടുപ്പിച്ച് 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന നാല് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലി. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് കോഹ്‌ലിക്കൊപ്പം സമാന നേട്ടമുള്ളവര്‍. രണ്ട് സീസണുകളില്‍ തുടരെ 600, പ്ലസ് സ്‌കോറുകളുള്ള രണ്ട് താരങ്ങള്‍ നിലവിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍.

ക്രിസ് ഗെയ്ല്‍: 2011, 12, 13 സീസണുകള്‍

ഡേവിഡ് വാര്‍ണര്‍: 2016, 17, 19 സീസണുകള്‍

കെഎല്‍ രാഹുല്‍: 2020, 21, 22 സീസണുകള്‍

വിരാട് കോഹ്‌ലി: 2023, 24, 25 സീസണുകള്‍

ശുഭ്മാന്‍ ഗില്‍: 2025, 26 സീസണുകള്‍

സായ് സുദര്‍ശന്‍: 2025, 26 സീസണുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!