തിരിച്ചു വരുമോ സഞ്ജു? ടീമില്‍ പരീക്ഷണത്തിനും സാധ്യത; ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയതിനാല്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും. അവസരം ലഭിക്കാത്ത താരങ്ങളെ ഒരു പക്ഷേ ഇന്ന് ഇറക്കാന്‍ സാധ്യതയുണ്ട്. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് ഇറങ്ങുന്നത്.

ഇന്ന് വൈകീട്ട് ഏഴ് മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും കളി തത്സമയം കാണാം.

ഫോം കിട്ടാതെ ഉഴലുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങിയേക്കും. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിലാണ് സഞ്ജു.

നാലാം പോരാട്ടത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരുടെ മികവായിരുന്നു. ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബായി ഇറക്കിയത് വിവാദമായിരുന്നു.

പരമ്പര നഷ്ടത്തിന്റെ ഭാരം കുറയ്ക്കുകയാണ് ഇംഗ്ലീഷ് സംഘത്തിന്റെ ലക്ഷ്യം. താരങ്ങളുടെ അസ്ഥിരതയാണ് ഇംഗ്ലണ്ടിനെ വെട്ടിലാക്കുന്നത്. നാലാം പോരില്‍ പലവട്ടം ജയത്തിന്റെ സാധ്യത ഉയര്‍ത്തിയാണ് ഇംഗ്ലണ്ട് നിന്നത്. എന്നാല്‍ ഇന്ത്യ മനഃസാന്നിധ്യം വിടാതെ പൊരുതി ജയം പിടിക്കുകയായിരുന്നു.

നാലാം പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. വാലറ്റത്ത് ഓവര്‍ടന്‍ പൊരുതിയതു മാത്രമായിരുന്നു നേരിയ പ്രതീക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!