‘ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിന് വേണ്ടി പീഡനങ്ങള്‍ സഹിക്കേണ്ട ആളല്ല ഭാര്യ’

കൊച്ചി : ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരികവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭാര്യയുടെ ക്രൂരതകള്‍ സഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളുകയാണുണ്ടായത്.

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാണ് താനെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭര്‍ത്താവ് മോശം കൂട്ടുകെട്ടിലുമായിരുന്നു. മദ്യപിച്ചു വന്ന് അയല്‍ക്കാരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നിരന്തരം വഴക്കിടുന്നതിനാല്‍ വീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നു. ശാരീരിക ഉപദ്രവത്തിനു പുറമെ, ഭക്ഷണമോ വെള്ളമോ നല്‍കാതെ പട്ടിണിക്കിട്ടു. ഉപദ്രവം സഹിക്കവയ്യാതെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

മകനെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചില്ല എന്നും ഭാര്യ കുടുംബ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനത്തിന് തയാറല്ലെന്നും ഭാര്യ വ്യക്തമാക്കി. ഇതിന് ശേഷമാണ് ഭര്‍ത്താവ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഭാര്യയുടെ ക്രൂരകൃത്യമോ പീഡനമോ തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചില്ല. അതിനാല്‍ വിവാഹമോചനം അനുവദിക്കാന്‍ കോടതി തയ്യാറായില്ല.

1994 ലാണ് ഇരുവരും വിവാഹിതരായത്. 1997ല്‍ ആണ്‍കുട്ടിയുണ്ടായി. എന്നാല്‍ വിവാഹം കഴിഞ്ഞു വൈകാതെ കാരണമില്ലാതെ ഭാര്യ തന്നെ അവഹേളിക്കാന്‍ ആരംഭിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. മാതാപിതാക്കളെ വിട്ടു മാറി താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഭാര്യയെന്ന നിലയിലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ തയാറായില്ല. വഴക്കും കാര്യങ്ങളും കാരണം പലപ്പോഴും അയല്‍വാസികള്‍ക്ക് ഇടപെടേണ്ടി വന്നു. ഭക്ഷണമുണ്ടാക്കാനോ വീട്ടുജോലികള്‍ ചെയ്യാനോ തയാറായില്ല. നിര്‍ബന്ധം സഹിക്ക വയ്യാതെ വാടക വീട്ടിലേക്കു മാറിയിട്ടും ഭാര്യയുടെ ഉപദ്രവം തുടര്‍ന്നതോടെ താന്‍ സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നു ഭര്‍ത്താവ് പറയുന്നു.

ഭാര്യ അവരുടെ പിതാവിനും സഹോദരനുമൊപ്പം അവരുടെ വീട്ടിലേക്കു പോയതോടെ 2002ല്‍ ഭാര്യയുടെ ക്രൂരതകള്‍ക്കെതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഭാര്യയും ഇതിനിടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു പരാതി നല്‍കി. ഭാര്യ ശ്രദ്ധിക്കാതായതോടെ മകന്റെ കാര്യങ്ങളും താന്‍ നോക്കി തുടങ്ങിയെന്നും വൈകാതെ വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചുവെന്നുമാണ് ഭര്‍ത്താവിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!