സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: ഓര്‍ത്തഡോക്‌സ് വൈദികസംഘം

കോട്ടയം: ഒരു നൂറ്റാണ്ടു നീണ്ടുനിന്ന നിയമ നടപടികളെ തുടര്‍ന്ന് സുപ്രീം കോടതിയുടെ 2017 ലെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കരസഭാ തര്‍ക്കത്തിന് ശാശ്വതമായ പരിഹാരമുണ്ടായെങ്കിലും നിയമ നിര്‍മാണം നടത്തി സുപ്രീംകോടതിവിധി അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ഓര്‍ത്തഡോക്‌സ് വൈദികസംഘം ആവശ്യപ്പെട്ടു.

മലങ്കര സഭയെ വീണ്ടും നിയമനടപടികളിലേക്ക് തള്ളിവിടാനുള്ള ഗൂഢ തന്ത്രവും, പള്ളികളില്‍ വീണ്ടും നിരന്തരം കലാപങ്ങള്‍ ഉണ്ടാക്കുവാനും, ഇരു വിഭാഗങ്ങളേയും തമ്മിലടിപ്പിച്ചു രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സര്‍ക്കാരിന്റെ എല്ലാശ്രമവും ഉപേക്ഷിക്കണമെന്ന് കോട്ടയം പുതുപ്പള്ളി പള്ളിയില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.

മലങ്കര ഓര്‍ത്തഡോക്‌സ് വൈദികസംഘം പ്രസിഡന്റ് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അധ്യക്ഷനായി.
സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ യോഗം ഉദ്ഘാടനം ചെയ്തു.

ഗീവറുഗീസ് മാര്‍ കൂറിലോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഫാ. ഡോ. റ്റി.ജെ. ജോഷ്വാ, ഡോ. വറുഗീസ് പുന്നൂസ്, സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറാള്‍ ഫാ. ഡോ.വറുഗീസ് വറുഗീസ്, വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്, സീനിയര്‍ പ്രീസ്റ്റ് ഫെലോഷിപ്പ് സെക്രട്ടറി ഫാ. സി.എ. ഐസക് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!