‘ലൗ ജിഹാദിൽ തെളിവുണ്ട്… നിമിഷ ഫാത്തിമ ഉദാഹരണം… വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന തന്റെ മുൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. താൻ ഡിജിപി ആയിരുന്ന കാലത്ത് നിമിഷ ഫാത്തിമയുടെ കേസിലുൾപ്പെടെ ലൗ ജിഹാദിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നുവെന്നും ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് മതപരിവർത്തനം നടക്കുന്നതെന്നും ശ്രീലേഖ ആരോപിച്ചു.

വിവാഹം കഴിച്ച ശേഷം പെൺകുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതാണ് ലൗ ജിഹാദെന്ന് ശ്രീലേഖ പറഞ്ഞു. ‘ലൗ ജിഹാദ്’ എന്ന വാക്ക് പലർക്കും അപ്രിയമാണെങ്കിലും യാഥാർത്ഥ്യം അതല്ലെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ഏപ്രിൽ മൂന്നിന് നടത്തിയ പ്രസംഗത്തിൽ ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും സർവീസിലിരിക്കെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ അനുമതിയില്ലാത്തതിനാൽ അന്ന് ഡിജിപി പോലും കൂടെ നിന്നില്ലെന്നും അവർ ആരോപിച്ചു. അടുത്തിടെ ഒരു മന്ത്രി തന്റെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട സംഭവമുണ്ടായെന്നും പോലീസിന്റെ പരാതി സെല്ലിൽ വിളിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേയാണ് ശ്രീലേഖ ഈ പരാമർശങ്ങൾ നടത്തിയത്. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് ചർച്ചയാക്കേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!