കോഴിക്കോട് : ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ചികിത്സാ സംവിധാനം ആരംഭിച്ചു. കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ മൂന്നു കോടി രൂപ നിർമാണച്ചെലവിൽ ആരംഭിച്ച പുതിയ വിഭാഗമാണ് ‘ഹോപ്’.
കേരളത്തിൽ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ഇങ്ങനെയൊരു സംവിധാനം നിലവിലില്ല. ഹൃദയസ്തംഭനമായി അതീവ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയാണ് ഹോപ്പിലേക്ക് പ്രവേശിപ്പിക്കുക. ചികിത്സയോടൊപ്പം തന്നെ ഒപിയിൽ പോകാതെ തുടർചികിത്സയും ഇവിടെ നിന്നു ലഭ്യമാക്കും. ഹൃദയം മാറ്റിവയ്ക്കേണ്ട രോഗികളെ കണ്ടെത്തി പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുന്നോടിയായിക്കൂടിയാണ് ഹോപ് ആരംഭിച്ചിരിക്കുന്നത്. 15 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
സെൻട്രൽ മോണിറ്ററിങ് സ്റ്റേഷൻ, മൾട്ടി പാരമോണിറ്ററുകൾ, വെന്റിലേറ്ററുകൾ, ഇസിജി മെഷീൻ, സെൻട്രൽ ഓക്‌സിജൻ സക്‌ഷൻ, ഡിഫിബ്രിലറേറ്ററുകൾ എന്നീ അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഹൃദയാഘാതം വന്നാൽ ‘ഹോപ്’; അത്യാധുനിക ചികിത്സാ സംവിധാനം ഒരുക്കി കോഴിക്കോട് മെഡിക്കൽ കോളജ്
