ന്യൂഡൽഹി : ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി
ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാൽ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരിവർത്തനം ചെയ്താൽ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്‌ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും ജസ്റ്റിസുമാരായ പി.കെ.മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്രിസ്തുമതം സ്വീകരിച്ചയാൾക്ക് പട്ടികജാതിയായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌ത് ആന്ധ്ര സ്വദേശി ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീൽ കോടതി തീർപ്പാക്കി. പാസ്റ്ററായ തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ആനന്ദ് കേസ് നൽകിയിരുന്നു. മതം മാറിയതിനാൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
