പാലക്കാട് : സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള ജില്ലകളില്‍ ഒന്നാണ് പാലക്കാട്. രണ്ട് പട്ടിക ജാതി സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 സീറ്റുകളാണ് ജില്ലയിലുള്ളത്.
നിലവില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് ലഭിച്ചത്. ബിജെപിയുടെ നിയമസഭാ പ്രതീക്ഷകളിലും പാലക്കാടിനെ ചുറ്റിപ്പറ്റിയുണ്ട്. കേരളത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ള രണ്ട് മണ്ഡലങ്ങള്‍ പാലക്കാട് ജില്ലയിലാണ്.
തൃത്താല-
പാലക്കാട് ജില്ലയില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏക മണ്ഡലമാണ് തൃത്താല. 2006 വരെ സംവരണ ണ്ഡലമായിരുന്നു തൃത്താല. പുനര്‍നിര്‍ണയത്തില്‍ ജനറല്‍ സീറ്റായ തൃത്താല 2011 ലെ തെരഞ്ഞെടുപ്പില്‍ വിടി ബല്‍റാമിലൂടെ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. 2016 ലെ തെരഞ്ഞെടുപ്പില്‍ ബല്‍റാം വിജയം ആവര്‍ത്തിച്ചു. 2021 ല്‍ എം ബി രാജേഷിനെ കളത്തിലിറക്കി സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 3016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു എം ബി രാജേഷിന്റെ വിജയം.
പട്ടാമ്പി
പാലക്കാട് ജില്ലയിലെ സിപിഐയുടെ സീറ്റുകളില്‍ ഒന്ന്. യുഡിഎഫിന് ഒപ്പവും എല്‍ഡിഎഫിന് ഒപ്പവും നിന്ന പാരമ്പര്യമുള്ള മണ്ഡലം. 2001 ലെ തെരഞ്ഞെടുപ്പില്‍ സിപിഐയെ കൈവിട്ട മണ്ഡലം 2011 വരെ യുഡിഎഫിന് ഒപ്പം നിന്നു. സിപി മുഹമ്മദ് ആയിരുന്നു കോണ്‍ഗ്രസിന് വേണ്ടി വിജയം നേടിയത്. 2016 ല്‍ യുവ നേതാവ് മുഹമ്മദ് മുഹ്‌സിനെ ഇറക്കി സിപിഐ സീറ്റ് പിടിച്ചെടുത്തു. 2021 ല്‍ മുഹ്‌സിന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിയാസ് മുക്കോളിയെ 17974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് മുഹ്‌സിന്‍ പരാജയപ്പെടുത്തിയത്.
ഷൊര്‍ണൂർ
പാലക്കാട് ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 മുതല്‍ ഇടത് പക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നു. 2011 ല്‍ കെ എസ് സലീഖ, 2016 ല്‍ പി കെ ശശി, 2021 ല്‍ പി മമ്മിക്കുട്ടി എന്നിവര്‍ ഷൊര്‍ണൂരില്‍ നിന്നും വിജയം നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി എച്ച് ഫിറോസ് ബാബുവിനെതിരെ 36676 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി മമ്മിക്കുട്ടി വിജയിച്ചത്.
ഒറ്റപ്പാലം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് ഒറ്റപ്പാലം. 2011 ല്‍ എം ഹംസ തുടര്‍ച്ചയായ രണ്ടാം തവണയും മണ്ഡലത്തില്‍ നിന്ന് വിജയം നേടി. 2016 ല്‍ പി ഉണ്ണിയും വിജയിച്ചു. 2021 ല്‍ കെ പ്രേംകുമാറിലൂടെയും സിപിഎം വിജയം ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിനെതിരെ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കെ പ്രേംകുമാറിന്റെ വിജയം.
കോങ്ങാട്
മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് കോങ്ങാട് മണ്ഡലം രൂപീകരിച്ച ശേഷം നടന്നത്. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടത് പക്ഷം വിജയിച്ചു. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കെ വി വിജയദാസ് കോങ്ങാട് വിജയിച്ചു. 2021 ല്‍ കെ ശാന്തകുമാരിയും മണ്ഡലത്തില്‍ വിജയം നേടി. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി യുസി രാമനെ 27,219 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കെ ശാന്തകുമാരിയുടെ വിജയം.
മണ്ണാര്‍ക്കാട്
പാലക്കാട് ജില്ലയില്‍ മുസ്ലീംലീഗ് മത്സരിക്കുന്ന സീറ്റാണ് മണ്ണാര്‍ക്കാട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എന്‍ ഷംസുദ്ധീന്‍ മണ്ഡലത്തില്‍ മികച്ച വിജയം നേടി. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന പാലക്കാട്ടെ രണ്ടാമത്തെ മണ്ഡലമാണ് മണ്ണാര്‍ക്കാട്. മതിര്‍ന്ന സിപിഐ നേതാവ് കെ പി സുരേഷ് രാജ് ആണ് 2021 ല്‍ മണ്ഡലത്തിവല്‍ ജന വിധി തേടിയത്. 5,870 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എന്‍ ഷംസുദ്ധീന്റെ വിജയം.
