തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പങ്കെടുത്തതിന് തുച്ഛമായ തുക തന്ന് അക്കാദമി ഒതുക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തിന്റെ ആരോപണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്താനായി ബാലചന്ദ്രൻ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തു മടങ്ങാൻ അദ്ദേഹത്തിന് 3,500 ഓളം രൂപ ചിലവായി. എന്നാൽ വെറും 2400 രൂപ മാത്രമാണ് അക്കാദമി പരിപാടിയിൽ പങ്കെടുത്തതിന് അദ്ദേഹത്തിന് നൽകിയത്.
കഴിഞ്ഞ മാസം 30 ന് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന് ക്ഷണമുണ്ടായത്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ക്ഷണം. കൃത്യസമയത്ത് അദ്ദേഹം സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. എറണാകുളത്ത് നിന്നായിരുന്നു അദ്ദേഹം തൃശ്ശൂരിലേക്ക് വന്നത്.
വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കമാണ് 3500 രൂപ അദ്ദേഹത്തിന് ചിലവായത്. ഇതിൽ 1100 രൂപ ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയത് സീരിയലിൽ അഭിനയിച്ചതിൽ നിന്നും ലഭിച്ച പ്രതിഫലം ആണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
