MLAയും മക്കളും 2 വാർഡുകളിൽ, ജീവിച്ചിരിക്കുന്നവർ ‘മരിച്ചു’.. കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപകപരാതി…

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തയ്യാറാക്കിയ കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപക പരാതികൾ. ഒരേ വീട്ടിൽ കഴിയുന്നവർ രണ്ട് വ്യത്യസ്ത വാർഡുകളിലെയും പഞ്ചായത്തുകളിലെയും വോട്ടർമാരായി മാറിയിട്ടുണ്ട്. പരാതിയുമായി വരുന്നവരോട് ഹിയറിങ്ങിൽ പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം വോട്ടർപട്ടിക പരിശോധിക്കാത്ത ആയിരക്കണക്കിനു പേർ തെറ്റുകൾ അറിയാതെ പോവുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. കല്ലിയൂർ പഞ്ചായത്തിലെ മുൻ അംഗം ഹെലന്റെ വോട്ട് ബാലരാമപുരം പഞ്ചായത്തിലെ നെല്ലിവിള വാർഡിലാണ്. അതേസമയം ഹെലന്റെ വീട്ടിൽ ഒപ്പം താമസിക്കുന്ന കുടുംബാംഗങ്ങളുടെ വോട്ട് കല്ലിയൂർ പഞ്ചായത്തിൽ നിലനിർത്തിയിട്ടുമുണ്ട്.

എം.വിൻസെന്റ് എംഎൽഎയ്ക്കും ഭാര്യയ്ക്കും ബാലരാമപുരം ഇടമലക്കുടി വാർഡിലാണ് വോട്ട്. എന്നാൽ രണ്ട് മക്കളുടെ പേര് ടൗൺ വാർഡിലെ വോട്ടർപട്ടികയിലാണ്. പാറശ്ശാലയിൽ ഭർത്താവിന്റെ വോട്ട് ടൗൺ വാർഡിലും ഭാര്യയുടെ വോട്ട് മുര്യങ്കര വാർഡിലുമായിട്ടാണ് വന്നിട്ടുള്ളത്. ടൗൺ വാർഡിൽ ഇത്തരം നിരവധി പരാതികളുണ്ട്.

പോത്തൻകോട് പഞ്ചായത്തിലെ വാവറയമ്പലം ഈസ്റ്റ് വാർഡിൽ ചേർന്നുവരുന്ന വാവറയമ്പലം ജങ്‌ഷൻ ഭാഗം ഒഴിവാക്കി. ബാക്കി തുടർച്ചയില്ലാതെ മറ്റൊരു സ്ഥലത്താണുള്ളത്. അതിർത്തിയില്ലാതെ പരസ്പരം ബന്ധമില്ലാത്ത ഭൂപ്രദേശങ്ങളാണ് നാലാം വാർഡിലും അഞ്ചാം വാർഡിലും വരുന്നത്. അഴൂർ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ പലവാർഡുകളിലും വോട്ടർമാർ വ്യാപകമായി വെട്ടി മാറ്റപ്പെട്ടതായാണ് പരാതികൾ. വാർഡിന്റെ അതിർത്തിയുമായി ഒരുബന്ധവും ഇല്ലാത്ത ചെട്ടിയാർമുക്ക് ഭാഗത്തെ 35 കുടുംബങ്ങളെക്കൂടി ഗാന്ധിസ്മാരകം വാർഡിൽ ചേർത്തു. മാടൻവിളയിൽ നിന്നും കൊട്ടാരം തുരുത്തിലേക്കും ഇത്തരത്തിൽ 50- ഓളം വോട്ടർമാരെ വെട്ടിമാറ്റിയതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!