വാരണാസി ; മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ ജ്ഞാൻവാപിയിൽ ദീപം തെളിഞ്ഞു. മഹാകാലേശ്വരൻ്റെ മണ്ണ് മന്ത്രങ്ങളാൽ മുഖരിതമായി. കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോടതി അനുവദിച്ച സ്ഥലത്ത് ആരതി നടത്തിയത്.
പൂജ ആരംഭിക്കുന്നതിന് മുമ്പ്, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗവും പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ എന്നിവർ ഇന്നലെ അർദ്ധരാത്രിയോടെ ഒരു യോഗം വിളിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗം കാശി വിശ്വനാഥ് ധാം പരിസരത്തുള്ള ഒരു ഹാളിലാണ് നടന്നത്. തുടർന്ന് കോടതിവിധി സുഗമമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു.
തെക്കൻ നിലവറയിലേക്ക് സുഗമമായ പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകൾക്കുള്ളിലെ സ്ഥലം വൃത്തിയാക്കി, തെക്കൻ നിലവറയിലെ പൂജാ ചടങ്ങുകൾ തടസ്സമില്ലാതെ പാലിക്കുന്നത് ഉറപ്പാക്കി.
മസ്ജിദിൻ്റെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. നിലവറകളുടെ മുന്‍പില്‍ പൂജക്ക് 7 ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് അധികൃതരുടെ അനുമതിയോടെ ആരാധന ചടങ്ങുകൾ നടന്നത്. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
