ന്യൂഡൽഹി/കോട്ടയം : പ്രധാനമന്ത്രിക്ക് മുന്നിൽ കുട്ടിത്താരമായി പത്താംക്ലാസുകാരി. വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുത്ത് കോട്ടയം മാർ ബസേലിയോസ് പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥിനി വിസ്മയ രാജീവ്.
കേന്ദ്ര യുവജനകാര്യവകുപ്പ് സംഘടിപ്പിച്ച വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലാണ് വിസ്മയ രാജീവ് തന്റെ ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ അവതരിപ്പിച്ചത്.
സ്ത്രീ ശാക്തീകരണവും സാമൂഹിക സൂചകങ്ങൾ മെച്ചപ്പെടുത്തലും എന്ന വിഷയത്തിലായിരുന്നു സംവാദം. പ്രധാനമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും, പ്രമുഖ വ്യക്തികളും യങ് ലീഡേഴ്സ് ഡയലോഗിൽ യുവതയെ കേൾക്കാനെത്തി. രാജ്യമെമ്പാടും സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 30ലക്ഷം യുവതീ-യുവാക്കൾക്കിടയിൽ നടന്ന വിവിധ മത്സരങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്നുള്ള 39 അംഗ പ്രതിനിധി സംഘത്തിൽ വിസ്മയ ഇടം പിടിച്ചത്.
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ലീഡേഴ്സ് മീറ്റിന് ശേഷം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഒരുക്കിയ വിരുന്നു സത്ക്കാരത്തിലും വിസ്മയ പങ്കെടുത്തു. സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ വിസ്മയ രാജീവ് കോട്ടയം മാർ ബസേലിയോസ് പബ്ലിക്ക് സ്ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സി.ബി.എസ്.ഇ യൂത്ത് ഫെസ്റ്റിവലിൽ കുച്ചുപ്പുടിയിൽ എ ഗ്രേഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള വിസ്മയ, രാജീവ് പി. യുടെയും സ്മിത വാസുദേവന്റെയും മകളാണ്.