അയോധ്യ : ലഖ്‌നൗവിൽ നിന്ന് ആറ് ദിവസത്തെ കാൽനടയാത്ര പൂർത്തിയാക്കി അയോധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി 350 മുസ്ലീം വിശ്വാസികൾ. മുസ്ലീം രാഷ്ട്രീയ മഞ്ചിൻ്റെ (എംആർഎം) നേതൃത്വത്തിലുള്ള സംഘം ജനുവരി 25 നാണ് ലഖ്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ചതെന്ന് എംആർഎം മീഡിയ ഇൻചാർജ് ഷാഹിദ് സയീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാത്രി വിശ്രമത്തിനായി 25 കിലോമീറ്റർ ഇടവിട്ട് നിർത്തിയും പിറ്റേന്ന് രാവിലെ വീണ്ടും യാത്ര തുടർന്നും കൊടും തണുപ്പിനെ പോലും വകവെയ്ക്കാ തെയാണ് 350 പേരടങ്ങുന്ന സംഘം 150 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ചൊവ്വാഴ്ച അയോധ്യയിൽ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് പ്രാണപ്രതിഷ്ഠ നടത്തിയ രാംലല്ല വിഗ്രഹത്തിൽ ഇവർ പ്രണാമം അർപ്പിച്ചു,
“ഇമാം-ഇ-ഹിന്ദ് റാമിൻ്റെ ഈ ദർശനം ശാശ്വതവും പ്രിയപ്പെട്ടതുമായ ഓർമ്മയായി ഞങ്ങൾ കണക്കാക്കുന്നു,” മുസ്ലീം ആരാധകരുടെ ഈ പ്രവൃത്തി ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത മതവിശ്വാസികളായ നിരവധി ആളുകൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നുണ്ട്. ക്ഷേത്രം തുറന്നത് മുതലുള്ള തിരക്ക് ഇപ്പോഴും തുടരുകയാണ്.