തിരുവനന്തപുരം : ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പുഷ് അപ്പ് പ്രതിഷേധം.
2019ലെ നിയമന വിജ്ഞാപനത്തിൽ അപേക്ഷ ക്ഷണിച്ചതിൽ ജോലിക്ക് വേണ്ടി അപേക്ഷ നൽകിയ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിൽ ഉപവാസം നടത്തിവരികയായിരുന്നു.
നവകേരള സദസിൽ അടക്കം പരാതി നൽകിയിരുന്നു. പതിമൂവായിരത്തോളം പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഏകദേശം 3000 പേർക്കാണ് നിയമനം ലഭിച്ചത്. ഏപ്രിൽ മാസത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും. പുതിയ സിപിഒ ഉദ്യോഗാർഥികളുടെ നിയമനം സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.
സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കാക്കി മോഹിച്ചവർ തെരുവിലേക്ക് എന്നുൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തിന് ഫലം കണ്ടില്ലെങ്കിൽ ഫെബ്രുവരി 12 മുതൽ വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധക്കാരെ കണ്ട് പിന്തുണ അറിയിച്ചു.