കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം ഫെബ്രു. 16ന് മുഖ്യമന്ത്രി നിർവഹിക്കും


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ്‌ളോക്ക് അടക്കമുള്ള 11 വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

283 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ വികസനപദ്ധതികളാണ് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളും അടങ്ങുന്നതാണ് പുതിയ സർജിക്കൽ ബ്‌ളോക്ക്.

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ടാമത്തെ കാത്ത് ലാബ്, 32 സ്‌ളൈഡ് സി.ടി. സ്‌കാൻ, നവീകരിച്ച ഒ.പി. വിഭാഗം, സ്‌കിൻ ബാങ്ക്, പാരാ മെഡിക്കൽ ഹോസ്റ്റൽ, മാതൃ നവജാത ശിശു പരിചരണ വിഭാഗം, മുലപ്പാൽ സംഭരണ ബാങ്ക്, ക്രഷ്, ആശുപത്രിയുടെ പുതിയ കവാടം എന്നിവയാണ് ഉദ്ഘാടനത്തിനു  സജ്ജമായിട്ടുള്ളത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ നിർമാണോദ്ഘാടനവും ചടങ്ങിൽ നടക്കും.

ആശുപത്രിയിലെ കാർഡിയാക് റീഹാബാലിറ്റേഷൻ യൂണിറ്റിലേക്ക് വേണ്ട ഉപകരണങ്ങൾ, കാർഡിയോളജി വിഭാഗത്തിലേക്കുള്ള ആധുനിക എക്കോ മെഷീൻ, യൂറോളജി വിഭാഗത്തിലേക്കുള്ള സി.ആർ. മെഷീൻ, ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേയ്ക്കുള്ള അത്യാധുനിക വെന്റിലേറ്റർ എന്നിവക്കായി രണ്ടുകോടി രൂപയുടെ സി.എസ്.ആർ. ഫണ്ടുകളും ആശുപത്രിക്ക് ലഭ്യമായിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി മന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു.





Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!