കണ്ണൂർ: സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച കുഞ്ഞികൃഷ്ണൻ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരേയും വിമർശനമുയർത്തി. മാധ്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന് തന്നെ വ്യക്തതയില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘എന്നെക്കുറിച്ചും ഫണ്ട് പിരിവിനെക്കുറിച്ചും പറഞ്ഞതിൽ പുതിയ കാര്യങ്ങളില്ല. ചില കാര്യങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നത്. പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ എനിക്കു കഴിഞ്ഞില്ലെന്ന് ഏതെങ്കിലും വ്യക്തിക്കു തോന്നിയാൽ മതിയോ? അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്യണ്ടേ. 21 അംഗ ഏരിയ കമ്മിറ്റിയിൽ 17പേരും എന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് പറഞ്ഞവരാണ്. അത് പാർട്ടി മുഖവിലയ്ക്കെടുത്തില്ല. പാർട്ടി നേതൃത്വം ഏരിയ കമ്മിറ്റിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയില്ലെന്നും’- കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
രക്തസാക്ഷിഫണ്ട് പിരിവിൽ അടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്നു വി.കുഞ്ഞിക്കൃഷ്ണൻ ആവർത്തിച്ചു. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നു വർഷത്തിനുശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
