എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി മരണത്തിന് കീഴടങ്ങി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. ഡാനന്‍ എന്ന അപൂര്‍വ ജനിതക രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഹൃദയ ശസ്ത്രക്രിയ ആയിരുന്നു ദുര്‍ഗയുടേത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിക്ക് നല്‍കിയത്. ഡിസംബര്‍ 22 ന് ആയിരുന്നു ശസ്ത്രക്രിയ. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ ആയിരുന്നു ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുര്‍ഗ കാമി ഹൃദയ ചികിത്സക്കായി  ആശുപത്രിയിലെത്തിയത്. ദുര്‍ഗയ്ക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളത്. അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്.

കഠിന പരിശ്രമങ്ങള്‍ക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാള്‍ സ്വദേശിനി മരണമടഞ്ഞ വിവരം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!