‘ഇപ്പോഴാണ് ശരിക്കും വൈറലായത്’; ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി

ഇടുക്കി: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡിലാണ്. ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ രംഗത്ത് എത്തി. ‘ഇപ്പോഴാണ് ശരിക്കും വൈറലായത്’ എന്നാണ് എം എം മണി കുറിച്ചത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. വടകര കൈനാട്ടി സ്വദേശിയാണ് ഷിംജിത. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതിന് പിന്നാലെ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

രാജ്യം വിടാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ഷിംജിത വടകരയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരം കിട്ടിയതും ഉച്ചയോടെ ഇവരെ കസ്റ്റഡിയില്‍ എടുത്തതും. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഷിംജിതയെ എത്തിച്ചത്. പൊലീസ് ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധമുയര്‍ത്തി. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇക്കാര്യം താന്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടര്‍ന്നെന്നും ആയിരുന്നു ദീപകിന്റെ പേര് പരാമര്‍ശിക്കാതെ എന്നാല്‍ മുഖം വ്യക്തമാകും വിധം വിധം ഷിംജിത സാമൂഹിക മാധ്യമത്തില്‍ വീഡിയോ സഹിതം ഉന്നയിച്ച ആരോപണം. എഡിറ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ബസ് യാത്രയിലെ ദൃശ്യവും രണ്ടാമത്തെ വീഡിയോയില്‍ സംഭവത്തെക്കുറിച്ചുളള ഷിംജിതയുടെ വിശദീകരണവുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!