നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി20 പരമ്പരയ്ക്കായി നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ടി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നതായതിനാല്‍ വിജയത്തോടെ ലോകകപ്പിനു ആത്മവിശ്വാസം നിറച്ച് ഇറങ്ങാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ലോകകപ്പ് കളിക്കുന്ന താരങ്ങളെല്ലാം ടീമിലുണ്ട്. ടീം ഇന്ത്യ നാഗ്പുരിലെത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. നാളെ വൈകീട്ട് ഏഴിനാണ് പോരാട്ടം. നഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ടി20 ലോകകപ്പ് തൊട്ടു മുന്നില്‍ നില്‍ക്കുന്നതിനാല്‍ ആദ്യ പോരാട്ടം മുതല്‍ മലയാളി താരം സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങായിരിക്കും ഇന്നിങ്‌സ് തുടങ്ങുക. അതില്‍ മാറ്റത്തിനു സാധ്യത കാണുന്നില്ല. ഈ സഖ്യം തുടരെ പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ടീമിലെ മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷന്‍ ഓപ്പണിങില്‍ പരീക്ഷിക്കപ്പെടുക. ഇഷാനെ വണ്‍ ഡൗണ്‍ കളിപ്പിക്കാനുള്ള നീക്കവുമുണ്ട്.
ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ പരിക്കേറ്റതിനാല്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നില്ല. തിലകിനു പകരം ആദ്യ മൂന്ന് മത്സരങ്ങളിലേക്ക് ശ്രേയസ് അയ്യരെ തിരികെ വിളിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടി20 ടീമിലെത്തുന്നത്. ആദ്യ മത്സരത്തില്‍ ശ്രേയസിനെ കളിപ്പിച്ചേക്കില്ല. ഈ സ്ഥാനത്ത് ഇഷാനെ ഇറക്കാനാണ് ആലോചിക്കുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ശ്രേയസ് ഇല്ല. ഇഷാന്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് ഈ പരീക്ഷണത്തിനു ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലാണ് ഇഷാന്‍ കിഷന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലോകകപ്പിനു മുന്‍പ് താരത്തിനു ഗെയിം ടൈം കിട്ടേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്.
നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണ് കുറച്ചു കാലമായി സൂര്യ ടീമില്‍ തുടരുന്നത്. ബാറ്റിങില്‍ നിരന്തരം പരാജയമാണ്. ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കേണ്ടത് താരത്തിനു അനിവാര്യമാണ്.
മൂന്ന് ഓള്‍ റൗണ്ടര്‍മാരെ ഇന്ത്യ കളത്തിലിറക്കിയേക്കും. വാഷിങ്ടന്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഹര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ വരും.
സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സ്ഥാനം ഉറപ്പാണ്. കുല്‍ദീപ് യാദവിനു അവസരം ലഭിച്ചേക്കില്ല. പേസ് പടയ്ക്ക് സൂപ്പര്‍ താരം ജസ്പ്രിത് ബുംറ നേതൃത്വം നല്‍കും. അര്‍ഷ്ദീപ് സിങിനും സ്ഥാനം ഉറപ്പാണ്.
