അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകി മയക്കുമരുന്നിന് അടിമ, അഭയം തേടിയെത്തിയ ആള്‍


വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് പിന്നില്‍ വീടില്ലാതെ ബുദ്ധിമുട്ടിയിരുന്ന ആള്‍ക്ക് സഹായം നല്‍കിയത് നിര്‍ത്തിയതിനാലെന്ന് റിപ്പോര്‍ട്ട്.

ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയില്‍ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു.

വീടില്ലാതെ ബുദ്ധിമുട്ടിയിരുന്ന ആള്‍ക്ക് വിവേക് ജോലിക്ക് വരുന്ന സമയത്ത് തന്നെക്കൊണ്ട് കഴിയുന്നത് പോലെ സഹായിച്ചിരുന്നു. ചിപ്‌സും വെള്ളവും നല്‍കുന്നതിന് പുറമെ തണുപ്പകറ്റാന്‍ ഇയാള്‍ക്ക് ജാക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് സഹായം നല്‍കുന്നത് പെട്ടെന്ന് നിര്‍ത്തിയതോടെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജോര്‍ജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തില്‍ ഭവന രഹിതനായ ജൂലിയന്‍ ഫോക്നറാണ് ക്രൂരതയ്ക്ക് പിന്നില്‍. ഇയാള്‍ അമ്പതോളം തവണ ചുറ്റിക കൊണ്ട് വിവേകിന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മയക്കു മരുന്നിന് അടിമയാണ് ജൂലിയന്‍ ഫോക്നര്‍. താമസ സൗകര്യം ഇല്ലാത്ത ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി വിവേകും സ്റ്റോറിലെ മറ്റ് ജീവനക്കാരും ചേര്‍ന്ന് സഹായിച്ചിരുന്നു. 53 കാരനായ ജൂലിയന്‍ ഫോക്ക്‌നര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും സ്റ്റോറില്‍ ഇരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം അയാള്‍ക്ക് സഹായങ്ങള്‍ നല്‍കി. ‘അയാള്‍ ഒരു പുതപ്പ് കിട്ടുമോ എന്ന് ചോദിച്ചു, പുതപ്പുകള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. പകരം ഒരു ജാക്കറ്റ് നല്‍കി. അയാള്‍ സിഗരറ്റും വെള്ളവും എല്ലാം ചോദിച്ച് അകത്തും പുറത്തും നടക്കുകയായിരുന്നു,’ സ്റ്റോറിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവം നടന്നയുടനെ സൈനിയുടെ കുടുംബവുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിന് എല്ലാ സഹായവും നല്‍കിയതായി അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!