വർഗീയതക്കെതിരായ പോരാട്ടത്തിൽ സതീശൻ വീരാളിപ്പട്ട് പുതക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന്; എംവി  ഗോവിന്ദൻ

തിരുവനന്തപുരം : എസ്എൻഡിപി,  എൻഎസ്എസ് ഐക്യവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി,  എൻഎസ്എസ് ഐക്യത്തെ സിപിഐഎം വ്യക്തിപരമായല്ല കാണുന്നതെന്നും എല്ലാ സാമുദായ വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളം പോലൊരു വൈവിധ്യ സമൂഹിക പശ്ചാത്തലത്തിൽ എല്ലാ സാമുദായിക സംഘടനകളും ഐക്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതായിരിക്കും. രാജ്യം അഭിമുഖീകരിക്കുന്ന ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള നിരന്തരമായുള്ള ശ്രമത്തിൽ ഇവരുടെ ഐക്യം എങ്ങനെയാണ് രൂപം കൊണ്ട് വരിക എന്നത് ചരിത്രത്തിന്റെ ഭാഗമായി മാത്രമേ മനസിലാക്കാനാകൂ. ആത്മീയമായി വിശകലനം ചെയ്യുമ്പോൾ എല്ലാ സാമുദായിക മത വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്. സംഘർഷാത്മകമായ ഒരു സാഹചര്യമല്ല ഉണ്ടാകേണ്ടത് എന്നാണ് സിപിഐഎം നോക്കി കാണുന്നത്. ഐക്യമുണ്ടാകുന്നത് നല്ലത്’ എം വി ഗോവിന്ദൻ പറഞ്ഞു.

വർഗീയതക്കെതിരെ പോരാടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനയെ എം വി ഗോവിന്ദൻ വിമർശിച്ചു. യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്നാണ് വി ഡി സതീശൻ വീരാളിപ്പട്ട് പുതക്കേണ്ടത്. ആർഎസ്എസുകാരന്റെ മുന്നിൽ പോയി വഴങ്ങിയെന്നതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയെ ഇനിയും ഒപ്പം ചേർത്ത് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. പിന്നെ എന്ത് വർഗീയതക്കെതിരായ പോരാട്ടമാണ്. വെറുതെ ഓരോന്ന് പറയുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് കൂട്ടിക്കൊണ്ടു പോവുകയാണ് എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കില്ലെന്നും വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽനിന്ന് വെട്ടേറ്റ് മരിക്കില്ലെന്ന് സതീശൻ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!