കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം: ഹൈക്കോടതി

കൊച്ചി : പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് ഹൈക്കോടതി.

മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്ത് 2019ൽ കൊണ്ടുവന്ന ഭേദഗതി ഇതിന് അനുമതി നൽകുന്നുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും.

അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്. കുട്ടികൾ കുറ്റക്കാരെന്ന് ബാലനീതി ബോർഡ് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരായ കേസ് നിലനിൽക്കും. കുറ്റക്കാരല്ലെങ്കിൽ ഇവർക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടായ അപകടത്തിൽ തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വാഹനയുടമകളും സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ തള്ളിയാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!