ശബരിമലയിൽ സ്വർണക്കടത്ത് നടന്നത് സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം…റിപ്പോർട്ട് നാളെ സമർപ്പിക്കും…

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്.

റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട്‌ ആണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!