കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വെച്ച്; പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയിൽ ഗുരുതര അനാസ്ഥയെന്ന് പരാതി

നെടുമ്പാശ്ശേരി /പത്തനംതിട്ട : പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീർത്ഥാടകയായ പ്രീത പറയുന്നു.

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് സ്കിൻ കട്ട് ചെയ്യുന്നത് കണ്ടപ്പോൾ അവർക്ക് പരിചയക്കുറവ് തോന്നി. പിന്നീട് മറ്റൊരു ആശുപത്രിയിൽ പൊയ്ക്കോളാമെന്ന് പറയുകയും വീട്ടിലെത്തി മുറിവ് തുറന്ന് നോക്കിയപ്പോൾ സർജിക്കൽ ബ്ലേഡ് അകത്ത് വെച്ച് ബാൻഡേജ് ചെയ്തത് കണ്ടെന്നും പ്രീത പറഞ്ഞു.

സംഭവത്തിൽ പമ്പാ ആശുപത്രി അധികൃതർക്കെതിരെയാണ് പ്രീത പരാതി നൽകിയിരിക്കുന്നത്. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത ഡിഎംഒയ്ക്കാണ് പരാതി നൽകിയത്.

പന്തളത്ത് നിന്ന് തിരുവാഭാരണഘോഷയാത്രക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെ തുടർന്ന് പ്രീത പമ്പയിലെ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തിരുന്നു. തിരിച്ചു പോരുമ്പോഴും മുറിവ് ഡ്രസ് ചെയ്യാനായി ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടർ ഏൽപ്പിച്ച സഹായിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ‌ നേഴ്സ് ആണോയെന്ന് ചോദിച്ചു. എന്നാൽ നേഴ്സിംഗ് അസിസ്റ്റൻ്റ് ആണെന്നായിരുന്നു മറുപടി.

മുറിവിലെ തൊലി മുറിക്കാൻ തുടങ്ങിയപ്പോൾ വേണ്ടെന്ന് പറഞ്ഞ പ്രീത ബാൻഡേജ് മതിയെന്ന് പറഞ്ഞു. പിന്നീട് വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ കണ്ടത്. ഈ അനാസ്ഥക്കെതിരെ പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!