ജിന്ദ് (ഹരിയാന) : വരാൻ പോകുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിലും കോൺഗ്രസ്സ് സഖ്യമില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹരിയാനയുടെ കാര്യത്തിലും തീരുമാനം തുറന്ന് പറഞ്ഞ് ആം ആദ്മി രംഗത്ത് എത്തിയിരിക്കുന്നത്.
ബിഹാറിലെ മഹാസഖ്യവുമായുള്ള ബന്ധം വിച്ഛേദിച്ച ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷൻ നിതീഷ് കുമാർ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ വീണ്ടും ചേർന്ന വാർത്ത പുറത്തു വന്ന പശ്ചാത്തലത്തിലാണ് ആം ആദ്മിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടു കൂടി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഇൻഡി സഖ്യത്തിന്റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.
ആദ്യം മമത ബാനർജി കോൺഗ്രസ്സുമായി ബംഗാളിൽ സഖ്യമുണ്ടാക്കില്ല എന്ന് വ്യക്തമാക്കുകയും അതിനെ തുടർന്ന് നിതീഷ് കുമാർ പോവുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോൾ ആം ആദ്മി എടുക്കുന്ന നിലപാടും കൂടെ ആയപ്പോൾ അക്ഷരാർത്ഥത്തിൽ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ് ഇൻഡി സഖ്യം.