ന്യൂഡൽഹി : ചൈനയുടെ ബലത്തിൽ ഇന്ത്യയുമായി തുറന്ന പോരിന് മാലിദ്വീപ്. രാജ്യത്ത് നിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് മാലിദ്വീപ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു നേരിട്ടാണ് ഇന്ത്യൻ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള ചെറിയൊരു വിഭാഗം സൈന്യത്തെ മാലിദ്വീപിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഇന്ത്യ സൈനികരെ അയച്ചത്. ഈ സൈനിക വിഭാഗത്തെ പിൻവലിക്കാനാണ് മുഹമ്മദ് മുയ്സ്സു ആവശ്യപ്പെട്ടിട്ടുള്ളത്. മാർച്ച് 15 ന് ഉള്ളിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
രാജ്യത്തെ ജനങ്ങളുടെ താത്പര്യം മാനിച്ചാണ് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് എന്നാണ് മാലിദ്വീപിന്റെ വിശദീകരണം. സെപ്തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പാലിക്കുന്നത്. ഇന്ത്യയും മാലിദ്വീപിലെ ജനങ്ങളുടെ താത്പര്യം മാനിക്കുമെന്നാണ് കരുതുന്നത് എന്നും സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ് രംഗത്ത് എത്തിയിരുന്നു. തങ്ങൾ ഒരു ചെറിയ രാജ്യം ആയിരിക്കാം. എന്നാൽ അത് ഭീഷണിപ്പെടുത്താനല്ല ലൈസൻസ് അല്ലെന്നായിരുന്നു മുഹമ്മദ് മുയ്സ്സു പറഞ്ഞത്. അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം ആയിരുന്നു മുയ്സ്സു രാജ്യത്ത് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം.
ചൈനയുടെ ബലത്തിൽ ഇന്ത്യയോട് തുറന്ന പോരിന് മാലിദ്വീപ്; സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു
