വിദേശഫണ്ട് വാങ്ങി രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപണം; പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗിന്റെയും ഭാര്യ ജ്യോതി അവസ്തിയുടെയും വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഫോസില്‍ ഇന്ധനങ്ങളുടെ (പെട്രോളിയം, കല്‍ക്കരി തുടങ്ങിയവ) ഉപയോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന അന്താരാഷ്ട്ര ഉടമ്പടിക്കായി പ്രചാരണം നടത്തിയത് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യത്തിനും ഊര്‍ജ്ജ സുരക്ഷയ്ക്കും വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി.

ആരോപണങ്ങള്‍ ഇങ്ങനെ: ഹര്‍ജീത് സിംഗും ഭാര്യയും ചേര്‍ന്ന് സ്ഥാപിച്ച ‘സതത് സമ്പദ’ എന്ന സ്ഥാപനത്തിലേക്ക് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ ഏകദേശം 5.3 കോടി രൂപ വിദേശത്തുനിന്ന് എത്തിയതായി ഇ.ഡി അവകാശപ്പെടുന്നു. കാലാവസ്ഥാ പ്രചാരണ ഗ്രൂപ്പുകളില്‍ നിന്നാണ് ഈ പണം എത്തിയത്. റോക്ക്‌ഫെല്ലര്‍ ഫിലാന്‍ട്രോപ്പി അഡൈ്വസേഴ്സ് പോലുള്ള വന്‍കിട എന്‍ജിഒകളില്‍ നിന്നാണ് ഈ ഗ്രൂപ്പുകള്‍ക്ക് പണം ലഭിക്കുന്നതെന്നും ഇ.ഡി ആരോപിക്കുന്നു.

ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന കമ്പനിയായിട്ടാണ് സതത് സമ്പദ പുറംലോകത്ത് അറിയപ്പെടുന്നത്. എന്നാല്‍ വിദേശ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ‘ഫോസില്‍ ഫ്യുവല്‍ നോണ്‍-പ്രൊലിഫറേഷന്‍ ട്രീറ്റി’ എന്ന അജണ്ട ഇന്ത്യയില്‍ പ്രചരിപ്പിക്കാനുള്ള ഒരു മറ മാത്രമാണ് ഈ കമ്പനിയെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ വാദം. പുതിയ ഫോസില്‍ ഇന്ധന പര്യവേഷണങ്ങള്‍ നിര്‍ത്താനും അവയുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് അന്താരാഷ്ട്ര തലത്തിലുള്ള ഉടമ്പടി. ഇത് ഇന്ത്യ അംഗീകരിച്ചാല്‍ അന്താരാഷ്ട്ര കോടതികളില്‍ രാജ്യം നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും, ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും ഊര്‍ജ്ജ സുരക്ഷയെയും സാരമായി ബാധിക്കുമെന്നും ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഹര്‍ജീത് സിംഗിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പരിധിയില്‍ കൂടുതല്‍ വിദേശ മദ്യം (വിസ്‌കി) കണ്ടെത്തിയതായും ഇ.ഡി അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രാദേശിക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സിംഗ് പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടത്തിയ യാത്രകളെക്കുറിച്ചും അതിനായുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പക്ഷപാതപരവുമാണെന്ന് ഹര്‍ജീത് സിംഗും ഭാര്യയും പ്രസ്താവനയിലൂടെ അറിയിച്ചു. സ്വന്തം സമ്പാദ്യവും വീട് പണയം വെച്ചെടുത്ത ലോണും ഉപയോഗിച്ചാണ് തങ്ങള്‍ സതത് സമ്പദ തുടങ്ങിയതെന്നും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലൂടെയാണ് സ്ഥാപനം വളര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിലേറെയായി ആക്ഷന്‍ എയ്ഡ്, ക്ലൈമറ്റ് ആക്ഷന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹര്‍ജീത് സിംഗ്, യുഎന്‍ കാലാവസ്ഥാ ഉച്ചകോടികളിലെ പരിചിതമായ മുഖമാണ്. കഴിഞ്ഞ നവംബറില്‍ ബ്രസീലില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം തുടങ്ങിയതെന്ന് സൂചനയുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഏകദേശം 17,000 വിദേശ ഫണ്ടിംഗ് ലൈസന്‍സുകള്‍ ഇതിനോടകം റദ്ദാക്കപ്പെടുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!