പാലായെ നയിക്കാൻ 21 വയസുകാരി ദിയ പുളിക്കക്കണ്ടം, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി…

കോട്ടയം : പാലാ പുതുചരിത്രം കുറിക്കുവാൻ ഒരുങ്ങുന്നു. കെ. എം മാണി നേതൃത്വം നൽകി വന്നിരുന്ന കേരള കോൺഗ്രസിനെ അവരുടെ തട്ടകത്തിൽ പ്രതിപക്ഷത്ത് ഇരുത്തി യുഡിഎഫ് ഇന്ന് അധികാര സോപാനത്തിലെത്തും. യാദൃച്ഛികമാണെങ്കിലും കെ. എം മാണി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് അൻപത് വർഷം പൂർത്തിയാകുന്ന ദിവസം കൂടിയാണെന്നതാണ് മറ്റൊരു പ്രത്യേകത

പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച മൂന്ന് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാൻ നടത്തിവന്ന ചർച്ചകൾ വിജയം കണ്ടതോടെയാണ് യുഡിഎഫിന് ഭരണത്തിൽ എത്താൻ വഴിയൊരുങ്ങിയത്.

ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർപേഴ്‌സൺ ആവും. കോൺഗ്രസ്സ് വിമതയായി വിജയിച്ച മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസ്‌ എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ ഒരു 21 കാരിയും.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്സൺ ആയിരിക്കും ദിയ പുളിക്കകണ്ടം.  

26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകുമായിരുന്നു. പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ ഉറപ്പാക്കാൻ മന്ത്രി വി എൻ വാസവനും സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും നേരിട്ടെത്തി ചർച്ചകളും വാഗ്ദാനങ്ങളും നൽകി.

ഇതിനൊപ്പം യുഡിഎഫ് നേതൃത്വവും സജീവമായി രംഗത്ത് വന്നു. വാർഡുകളിലെ ജനാഭിപ്രായം യുഡിഎഫിനൊപ്പം എന്നതായിരുന്നു. ഒടുവിൽ ആ അഭിപ്രായങ്ങളോട് യോജിക്കാൻ പുളിക്കകണ്ടം കുടുംബം തീരുമാനിക്കുകയായിരുന്നു.

പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!