ഗൃഹനാഥന് രക്ഷകനായി വളര്‍ത്തുനായ,
വീട്ടുമുറ്റത്തുകിടന്ന മൂര്‍ഖന്‍ പാമ്പിനെ നായ കടിച്ചുകൊന്നു

പൊന്‍കുന്നം: ചിറക്കടവ് സെന്റര്‍ പറപ്പള്ളിത്താഴെ വീട്ടില്‍ ശ്രീകുമാറിന് രക്ഷകനായി സ്വന്തം വളര്‍ത്തുനായ. കാഴ്ചക്കുറവുള്ള ശ്രീകുമാര്‍ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ സമീപം കിടന്നിരുന്ന മൂര്‍ഖന്‍ പാമ്പില്‍ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത് 10 വര്‍ഷമായി വളര്‍ത്തുന്ന ‘കിട്ടു’ എന്ന നായ.

നായയുടെ കടിയേറ്റ് പാമ്പ് ചത്തു. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍ കൂടിയാണ് പൊന്‍കുന്നം-മണിമല റോഡരികിലെ വാടകവീട്ടില്‍ കഴിയുന്ന 63 വയസ്സുള്ള ശ്രീകുമാര്‍.

ജന്മനാ കാഴ്ചപരിമിതിയുണ്ട്. എങ്കിലും പതിവായി പോകുന്ന വഴികളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാനാവുമെന്ന തിനാലാണ് പമ്പ് പ്രവര്‍ത്തിപ്പിക്കല്‍ ജോലി ചെയ്യുന്നത്. പമ്പ് നിര്‍ത്തിയതിന് ശേഷം വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം.

അടുക്കളയുടെ മുറ്റത്ത് പാമ്പിനെ കണ്ട് ഈ സമയം കൂടിനുള്ളിലായിരുന്ന കിട്ടു നിര്‍ത്താതെ കുരച്ചു. കാര്യം മനസ്സിലാകാതെ കിട്ടുവിനെ തുടലിട്ട് പുറത്തിറക്കിയ ശ്രീകുമാറില്‍ നിന്ന് കുതറി പാമ്പിന് നേരെ ചെല്ലുകയായിരുന്നു. പാമ്പിന്റെ കടിയേല്‍ക്കാതെ അതിന്റെ മധ്യഭാഗത്ത് കടിച്ചുമുറിച്ച് കൊന്നു.

വാടകവീടിന്റെ ഉടമയും തൊട്ടുചേര്‍ന്നുള്ള ശകുന്തള്‍ സ്റ്റോഴ്സ് ഉടമയുമായ പുരുഷോത്തമന്‍ നായര്‍ എത്തിയപ്പോഴാണ് കിട്ടു മൂര്‍ഖനില്‍ നിന്നാണ് തന്നെ രക്ഷിച്ചതെന്ന് ശ്രീകുമാറിന് മനസ്സിലായത്. അതുവരെ നായ എലിയെ പിടിക്കുകയായിരുന്നുവെന്നാണ് കരുതിയത്. ഈ സമയം ശ്രീകുമാറിന്റെ ഭാര്യ രമാദേവി സമീപവീട്ടില്‍ ജോലിക്കുപോയിരിക്കുകയായിരുന്നു. രണ്ടുപെണ്‍മക്കളേയും വിവാഹം ചെയ്തയച്ചതിന് ശേഷം ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ലാവണ്യ, ശരണ്യ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!