മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

കാൻപൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ശ്രീപ്രകാശ് ജയ്‌സ്വാൾ. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

1944 സെപ്തംബർ 25ന് കാൺപൂരിലാണ് ശ്രീപ്രകാശ് ജയ്‌സ്വാൾ ജനിച്ചത്. നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൺപൂർ മേയറായി ചുമതലയേറ്റു. കാൺപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1999, 2004, 2009) അദ്ദേഹം ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!