പാചകം ചെയ്യുന്നതിനിടെ വെള്ളമാണെന്ന് കരുതി ആസിഡ് കറിയിൽ ചേർത്തു; മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

കൊൽക്കത്ത: ഒരു കുടുംബത്തിലെ ആറ് പേരെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികൾ അടക്കമാണ് ചികിത്സയിൽ തുടരുന്നത്. പാചകം ചെയ്യുന്നതിനിടെ അബദ്ധത്തിലാണ് ആസിഡ് കറിയിൽ ചേർത്തത് എന്നാണ് ലഭിക്കുന്ന വിവരം. രത്‌നേശ്വര്‍ബതിയിലെ താമസക്കാരനും വെള്ളിപ്പണിക്കാരനായതുമായ സന്തുവിന്റെ വീട്ടിലാണ് സംഭവം.

ഭക്ഷണം കഴിച്ചയുടൻ ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ സന്തുവിനെയും കുടുംബാംഗങ്ങളെയും ആദ്യം ഘട്ടലിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന്, കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. വെള്ളി ആഭരണങ്ങൾ നിർമിക്കുന്ന ശാന്തുവിന്റെ വീട്ടിൽ ആസിഡ് സൂക്ഷിച്ചിരുന്നു. വെള്ളം സൂക്ഷിച്ചിരുന്ന ക്യാനുകൾക്ക് സമാനമായ ക്യാനുകളിലാണ് ആസിഡും സൂക്ഷിച്ചിരുന്നത്.

പാചകം ചെയ്യുന്നതിനിടെ വെള്ളത്തിന് പകരം ആസിഡ് കറിയിൽ ചേർക്കുകയായിരുന്നു. വയറുവേദനയും ചർദിയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ അയൽവാസികൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ മെച്ചപ്പെട്ട ചികിത്സക്കായി ഇവരെ ഉടൻ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഒരു കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭ്യമായിട്ടില്ല.

അപകടകരമായ വസ്തുക്കൾ സൂക്ഷിക്കുമ്പോൾ, പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ, ജാഗ്രത പാലിക്കണമെന്ന് പ്രദേശത്തെ മറ്റ് താമസക്കാരോട് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബത്തിൽ നിന്നോ മെഡിക്കൽ സ്റ്റാഫിൽ നിന്നോ ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!