ഹിന്ദിഹൃദയഭൂമിയിൽ ‘കൈ’ വിറയ്ക്കുന്നു; നെഹ്രു കുടുംബത്തിന്റെ അടുപ്പക്കാരൻ ബിജെപിയിലേക്ക്; കമൽനാഥും മകനും കോൺഗ്രസ് വിടുമെന്ന് സൂചന




ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകനും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി മുതിർന്ന കോൺഗ്രസ് എംഎൽഎയെ ഉദ്ധരിച്ച് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കമൽനാഥിന് രാജ്യസഭാ സീറ്റും, മകന് ചിന്ദ്വാര ലോക്സഭ സീറ്റും മന്ത്രിപദവും ലഭിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കമൽനാഥ് സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ബുദ്ധിമുട്ടേറിയതാ ണെന്ന തിരിച്ചറിവാണ് കമൽനാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

കമൽനാഥ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിരുന്ന്. കമൽനാഥിന്റെ ഭോപ്പാലിലെ വസതിയിൽ വെച്ചാണ് വിരുന്ന്. നിരവധി എംഎൽഎമാർ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് കാണിക്കാനുള്ള ശക്തിപ്രകടനം കൂടിയായിട്ടാണ് കമൽനാഥിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. വിരുന്നിൽ പങ്കെടുക്കുന്ന എംഎൽഎമാരുടെ എണ്ണം പല കാര്യങ്ങളും വ്യക്തമാക്കുമെന്നാണ് കമൽനാഥ് പക്ഷക്കാരനായ ഒരു എംഎൽഎ പ്രതികരിച്ചത്.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് വിട്ട് വരാൻ തയ്യാറായ നേതാക്കളെ കുറിച്ച് അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!