കോട്ടയം നഗരത്തിൽ വീണ്ടും കൊലപാതകം; മുൻ നഗരസഭാ കൗൺസിലർ ടിറ്റോയും മകനും പോലീസ് കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി കെ അനിൽകുമാറും (ടിറ്റോ)  മകനും ചേർന്നാണ് യുവാവിനെ കുത്തിക്കൊന്നത്. പുതുപ്പള്ളി താന്നിക്കൽ വീട്ടിൽ ആദർശ്  ആണ് മരിച്ചത്.

ആദർശും ടിറ്റോയുടെ മകൻ അഭിജിത്തും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ടിറ്റോ, മകൻ അഭിജിത്ത് എന്നിവർക്ക് പുറമെ ടിറ്റോയുടെ ഭാര്യയെയും വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.

ടിറ്റോ നഗരത്തിലെ അറിയപ്പെടുന്ന കോൺഗ്രസ്‌ നേതാവാണ്. ഇത്തവണ നഗരസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന്  നിലവിലെ നഗരസഭ സ്ഥാനാർഥിയും മുൻ ചെയർമാനുമായ എംപി സന്തോഷ് കുമാറിനെതിരെ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കാൻ  ടിറ്റോ ചില നീക്കങ്ങൾ നടത്തിയിരുന്നു.

എന്നാൽ പ്രാദേശിക ഇടതുപക്ഷ നേതൃത്വം വിമുഖത പ്രകടിപ്പിച്ചതോടെ ആ ശ്രമം പാളി.  അതിനിടയിലാണ് ഇന്നലെ രാത്രി ടിറ്റോയും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നത്.

സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ സമീപത്തെ കുഴിയിൽ കുത്തേറ്റ് വീണു കിടക്കുന്ന യുവാവിനെയാണ്  കണ്ടത്, തുടർന്ന് നാട്ടുകാർ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!