ഐസിഎഫ് സ്ഥാപിച്ചത് 500 ഓളം ബയോടോയ്‌ലറ്റുകള്‍, അയോദ്ധ്യയിലെ ബയോടോയ്‌ലറ്റുകള്‍
ഏറ്റുമാനൂരില്‍ നിന്ന്

സ്വന്തം ലേഖകന്‍
കോട്ടയം: അയോദ്ധ്യയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കുന്നതിനായി ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി.

ഏറ്റുമാനൂരിലെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊലുഷന്‍സ് (ഐസിഎഫ്) ആണ് 500 ഓളം ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
സ്വച്ഛ് ഭാരത് മിഷന്റെ പദ്ധതിപ്രകാരമാണ് കമ്പനി അയോധ്യയില്‍ ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ചത്.

60 ദിവസത്തിനുള്ളില്‍ സ്ഥാപിച്ച ഇവയുടെ 24 മണിക്കൂര്‍ മേല്‍നോട്ടവും അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്. നൂറോളം ജീവനക്കാരെ ഇതിന്റെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട. പ്രതിമാസം 300 ഓളം ബയോടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്കാന്‍ കമ്പനിക്ക് സാധിക്കും.
ഐസിഎഫിന് ഏറ്റുമാനൂര്‍ പ്ലാന്റിനൊപ്പം മഹാരാഷ്ട്രയിലെ കോലോപ്പൂരിലും ബയോടോയ്ലറ്റ് നിര്‍മാണ പ്ലാന്റുണ്ട്. കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി എന്ന് ഐസിഎഫ് മാനേജിങ് ഡയറക്ടര്‍ ശുംഭുനാഥ് ശശികുമാര്‍ പറഞ്ഞു.

1991ല്‍ കമ്പനിയുടെ ശുംഭുനാഥ് ശശികുമാറിന്റെ അച്ഛന്റെ നേതൃത്വത്തിലാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. റബ്ബര്‍ ലാറ്റക്‌സ് സെന്‍ട്രിഫ്യൂജല്‍ മാനുഫാക്ചറിങ് കമ്പനിയായിരുന്നു ഇത്. 2011ല്‍ അച്ഛൻ്റെ മരണശേഷം മറൈന്‍ എന്‍ജിനിയര്‍ ആയിരിക്കെയാണ് ശുംഭുനാഥ് ശശികുമാര്‍ കമ്പനിയുടെ ചുമതല ഏറ്റെടുത്തത്. ബയോ ടോയിലറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലിരിക്കുമ്പോഴാണ് ചുമതല ഏറ്റത്. 2015-16 കാലഘട്ടത്തിലാണ് ഏറ്റുമാനൂരില്‍ ബയോടോയ്‌ലറ്റുകള്‍ക്കായി കമ്പനി ആരംഭിക്കുന്നത്.

നിലവില്‍ ഇന്ത്യയൊട്ടുക്ക് 35ഓളം ഡീലേഴ്‌സുണ്ട്. സര്‍ക്കാര്‍ സംഘടനുകളുമായി ഇടപാടുകളുണ്ട്. ശബരിമല, തിരുപ്പതി എന്നിവിടങ്ങളിലും പ്രോജക്ടുകള്‍ നടപ്പാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ഒരുക്കുന്ന ശുചിത്വ സംവിധാനങ്ങളാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍. ട്രീറ്റ്മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും ഇവര്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!