കോട്ടയം ജില്ലാ പഞ്ചായത്തിൽ 5 സീറ്റിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരം

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലെ മത്സരചിത്രം വ്യക്തമായപ്പോൾ അഞ്ച് ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടം.

കുറവിലങ്ങാട്, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാവും യുഡിഎഫ് -എൽഡിഎഫ് മുന്നണികളിൽ നിലയുറപ്പിച്ചിട്ടുള്ള ഇരു പാർട്ടികളും പോരാടുക.

കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് കുന്നപ്പള്ളിയും (ജോസഫ് വിഭാഗം) ജോളി മടുക്കക്കുഴി (ജോസ് വിഭാഗം) തമ്മിലാണ് മത്സരം

ലൈസമ്മ ജോർജ് പുളിങ്കാടും പെണ്ണമ്മ ജോസഫ് ഭരണങ്ങാനത്തും ഏറ്റുമുട്ടും. കിടങ്ങൂരിൽ നിമ്മി ടിങ്കിൾ രാജും (ജോസ് വിഭാഗം) ഡോ. മേഴ്സി ജോൺ മൂലക്കാടും(ജോസഫ് വിഭാഗം) തമ്മിലാണ് മത്സരം. കുറവിലങ്ങാട് മാണി വിഭാഗത്തിലെ പി.സി.കുര്യനാണ്   ജോസഫ് വിഭാഗം നേതാവ് ജോസ് മോൻ മുണ്ടയ്ക്കലിനെ നേരിടുന്നത്.

അതിരമ്പുഴയിൽ ജിം അലക്സും, ജയ്സൺ ജോസഫ് ഒഴുകയിലുമായാണ് മത്സരം. മുൻ യൂത്ത് കോൺഗ്രസ് നേതാവായ ജിം കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസിൽ (എം) ചേർന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഇരു പാർട്ടികളും തമ്മിൽ കൊമ്പുകോർത്ത പ്പോൾ ജോസഫ് വിഭാഗത്തിനാണ് വിജയമുണ്ടായത്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്നും 5 സീറ്റിലും ജയിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം പാർലമെൻ്റിലേക്കും, തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളെ ജനങ്ങൾ രണ്ടു രീതിയിലാണ് സമീപിക്കുന്നതെന്നും ഇക്കുറി വിജയം തങ്ങൾക്കൊപ്പമാണെന്നുമാണ് ജോസ് കെ മാണി വിഭാഗം നേതാക്കളുടെ വാദം. ഇരു പാർട്ടികളുടെയും അഭിമാന പ്രശ്നമായതിനാൽ ഈ 5 ഡിവിഷനുകളിലും മത്സരം തീപാറുമെന്നതിൽ സംശയമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!