മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല;  ഹൈക്കോടതി

കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് മകന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതിർ വല്ല ഉത്തരവിനെതിരെ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. ഭര്‍ത്താവ് ചിലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷി ക്കാനോ ഭര്‍ത്താവ് ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നല്‍കാന്‍ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും വിധി പുറപ്പെടുവിക്കെ കോടതി വ്യക്തമാക്കി.

പൊന്നാനി സ്വദേശിനിയായ 60കാരിയുടെ പരാതിയിലാണ് ഹൈക്കോടതി വിധി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇവരുടെ മകന് മാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. അതിനാല്‍ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തില്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു. എന്നാല്‍ അമ്മയ്ക്ക് പണം നല്‍കാന്‍ തയ്യാറാവാത്ത മകന്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.  

അമ്മയ്ക്ക് പണം നല്‍കാന്‍ തയ്യാറല്ലെന്ന വ്യക്തമാക്കിയ മകന്‍ അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല, വയോധികയുടെ ഭര്‍ത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ല എന്നും മകന്‍ വാദിച്ചു.  

തനിക്ക് ഭാര്യയും കുഞ്ഞും ഉള്ളതിനാല്‍ അവരെ നോക്കണമെന്നാണ് മകന്‍ പറഞ്ഞിരിക്കുന്ന മറ്റൊരു ന്യായം. എന്നാല്‍ അത് തന്റെ പ്രായമായ മാതാപിതാക്കളെ നോക്കുന്ന ബാധ്യതയില്‍ നിന്ന് മകനെ ഒഴിവാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബിഎന്‍എസ്എസ് സെക്ഷന്‍ 144 അനുസരിച്ച് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഭര്‍ത്താവ് സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും മക്കളില്‍ നിന്ന് ചിലവിനത്തില്‍ അമ്മയ്ക്ക് അവകാശപ്പെടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി.  

ജീവിക്കണമെങ്കില്‍ അമ്മ പശുവിനെ വളര്‍ത്തി വരുമാനമുണ്ടാക്കണമെന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്ന ഒരു മകന്‍ പറയുന്നത് ദൗര്‍ഭാഗ്യകരവും അനുചിതവുമാണ്. ശാരീരികാധ്വാനം വേണ്ട ജോലിയാണ് പശുവിനെ വളര്‍ത്തല്‍. 60 വയസായ അമ്മ അത്തരമൊരു ജോലി ചെയ്തു ജീവിക്കണമെന്ന് പറയുന്നത് മകന്റെ ഭാഗത്തു നിന്നുള്ള ധാര്‍മിക പരാജയവും അമ്മയുടെ അന്തസിനെ പോലും പരിഗണിക്കാത്തതുമാണ്. അതിനാല്‍ 5,000 രൂപ മാസം അമ്മയ്ക്ക് നല്‍കണമെന്നുള്ള കുടുംബ കോടതി വിധി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!