‘ഇത് പൊറുക്കാനാകില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു’; ധർമേന്ദ്രയുടെ ആരോഗ്യാവസ്ഥ പങ്കുവച്ച് ഹേമ മാലിനിയും ഇഷയും

മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും. സംഭവിച്ചു കൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണെന്നും ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയുമെന്ന് ഹേമ മാലിനി എക്സിൽ കുറിച്ചു.

“സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ് ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകതയ്ക്കും അർഹമായ ബഹുമാനം നൽകുക”.- ഹേമ മാലിനി എക്സിൽ അറിയിച്ചു.

മാധ്യമങ്ങൾ തിടുക്കം കാട്ടി തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇഷ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. “അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അച്ഛൻ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും”- ഇഷ അറിയിച്ചു.

ബോളിവുഡിന്റെ ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചതായി ഇന്നു രാവിലെയാണ് വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം ആശുപത്രിയിലാണ്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധര്‍മേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!