ന്യൂയോർക്ക് : ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടായിരുന്നു സംഭവം. ചിക്കാഗോയിലെ ജോലിയറ്റ്, വിൽ കൗണ്ടി എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ പോലീസ് രണ്ട് സ്ഥലങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഞായറാഴ്ച വിൽകൗണ്ടിയിൽ നിന്നും ഒരാളുടെ മൃതദേഹവും, ജോലിയറ്റിൽ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുമായി പ്രതിയ്ക്ക് മുൻപരിചയം ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ ഊർജ്ജിത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും എഫ്ബിഐയും സംയുക്തമായാണ് പ്രതിയ്ക്കായി അന്വേഷണം നടത്തുന്നത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും സൂചനയുണ്ട്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷംആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇവരുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് വിൽകൗണ്ടി ചീഫ് ഡെപ്യൂട്ടി ഓഫീസർ ഡാൻ ജംഗിൾസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ പോലീസ് വിന്യസിച്ചിട്ടുണ്ട്.