ഇനി ടൈയും കെട്ടി ശ്വാസം മുട്ടി നടക്കണ്ട; രാജസ്ഥാനില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പൊതുയൂണിഫോം

ജയ്പൂര്‍ : രാജസ്ഥാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതു യൂണിഫോം അവതരിപ്പിക്കാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സമത്വവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാനര്‍ പറഞ്ഞു. വസ്ത്രധാരണം അനായാസം ആക്കുന്നതിന് ടൈകള്‍ ഒഴിവാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

കോട്ട സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ അധ്യാപകര്‍ക്ക് യൂണിഫോമുകളും ഐഡി കാര്‍ഡുകളും നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൂടില്‍ ടൈകള്‍ ധരിക്കുന്നതില്‍ കുട്ടികള്‍ക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നു. സ്‌കൂള്‍ പരിസരത്ത് കുട്ടികളെ തിരിച്ചറിയാനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന് ദിലാവര്‍ പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ജൂലൈ 1ന് പകരം ഏപ്രില്‍ 1ന് രാജസ്ഥാനിലെ അക്കാദമിക് സെഷന്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പാഠപുസ്തകങ്ങളുടെ സമയബന്ധിതമായ വിതരണം ഉറപ്പാക്കാനും വേനല്‍ക്കാല അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മതിയായ പഠനം നല്‍കാനുമുള്ള നീക്കമാണ് ലക്ഷ്യമിടുന്നത്. നേരത്തെ പാഠപുസ്‌ക വിതരണത്തിലെ കാലതാമസം വിദ്യാര്‍ഥികള്‍ക്ക് അസൗകര്യമുണ്ടാക്കി. പുതിയ ഷെഡ്യൂള്‍ മുഴുവന്‍ അക്കാദമിക് പ്രക്രിയയും സുഗമമാക്കാന്‍ സഹായിക്കും.

പഞ്ചായത്തിരാജ്, വിദ്യാഭ്യാസം, സംസ്‌കൃതം വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ എല്ലാ പ്രവൃത്തി ദിവസവും ദേശീയ ഗാനത്തോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുമെന്ന് ദിലാവര്‍ പറഞ്ഞു. കൃത്യമായി ഹാജരാകുന്ന ആളുകളുടെ ഹാജര്‍ മാത്രമേ രേഖപ്പെടുത്തൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടി വെറുമൊരു ഔപചാരികത മാത്രമല്ല ദൈനംദിന ഭരണത്തില്‍ ദേശീയ അഭിമാനവും അച്ചടക്കവും വളര്‍ത്തിയെടുക്കാനുള്ള ഒരു മാര്‍ഗമാണെന്നും മന്ത്രി പറഞ്ഞു.

ശാല ദര്‍പ്പണ്‍ പോര്‍ട്ടല്‍ വഴി മാതാപിതാക്കള്‍ക്കായി ഒരു ഡിജിറ്റല്‍ ഹാജര്‍ നിരീക്ഷണ സംവിധാനവും വകുപ്പ് അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ ഇല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തല്‍ക്ഷണ അറിയിപ്പുകള്‍ ലഭിക്കും. ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇത് സ്‌കൂളുകളില്‍ സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ വര്‍ധിപ്പിക്കുമെന്നും ദിലാവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!