വാഷിങ്ടണ്‍: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് എതിരെ വന്‍ പ്രകടനവുമായി യുഎസ് ജനത. 50 സ്റ്റേറ്റുകളിലും നടന്ന പ്രകടനങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു. ജൂണില്‍ നടന്ന നോ കിങ്‌സ് പ്രതിഷേധത്തിന്റെ രണ്ടാം പതിപ്പ് എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ‘രാജവാഴ്ചയല്ല ജനാധിപത്യം’ എന്ന് വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് ആളുകള്‍ തെരുവുകള്‍ കീഴടക്കിയത്.
വലുതും ചെറുതുമായ പ്രതിഷേധങ്ങളുമാണ് നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി അരങ്ങേറിയത്. ഷിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ മാത്രം പതിനായിരം പേരോളമാണ് പ്രതിഷേധങ്ങളുടെ ഭാഗമായത്. യുഎസ് പ്രസിഡന്റ് ട്രംപിന് എതിരാ മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ന്യൂയോര്‍ക്ക്, വാഷിങ്്ടണ്‍ ഡിസി, ചിക്കാഗോ, മിയാമി, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ ഇടങ്ങളില്‍ ആയിരുന്നു വന്‍ പ്രകടനങ്ങള്‍ നടന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിന് ചുറ്റുമുള്ള തെരുവുകളും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു.
രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്നു, യുഎസില്‍ രാജാക്കന്മാര്‍ ഉണ്ടാകരുത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യമായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ‘നോ കിങ്‌സ്’ പ്രതിഷേധത്തില്‍ രാജ്യമെമ്പാടുമായി ഏകദേശം എഴുപത് ലക്ഷത്തോളം പേര്‍ അണിനിരന്നതായാണ് കണക്കുകള്‍. ആധുനിക യുഎസ് ചരിത്രത്തില്‍ ഒരു പ്രസിഡന്റിനെതിരെ നടന്ന ഏറ്റവും വലിയ ഒറ്റ ദിവസത്തെ പ്രകടനമാണിത് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. യുഎസ് സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് അടുക്കുമ്പോഴാണ് , 50 സംസ്ഥാനങ്ങളിലെയും 2,500-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധം ഉയരുന്നത്. ട്രംപ് നടത്തുന്നത് അധികാരം പിടിച്ചടക്കാനുള്ള ശ്രമങ്ങളാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതിനിടെ, പ്രതിഷേധക്കാരെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. കിരീടം വച്ച ട്രംപ് യുദ്ധ വിമാനം പറത്തുന്നതും കിങ്‌സ് പ്രതിഷേധക്കാര്‍ക്ക് നേരെ ബോംബിടുന്നതുമായ വിഡിയോ പങ്കുവച്ചായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരിഹാസം. ട്രൂത്ത് സോഷ്യല്‍ ആണ് ട്രംപിന്റെ പോസ്റ്റ്.
