ആലപ്പുഴ : ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരണപ്പെട്ടു. ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതിയാണ് മരണപ്പെട്ടത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു.
ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യയായ 31 വയസ്സുകാരി ആശ ആണ് മരണപ്പെട്ടത്. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന യുവതിയാണ്. വനിത-ശിശു ആശുപത്രിയിൽ ഉണ്ടായ ചികിത്സാപിഴവാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിത-ശിശു ആശുപത്രി സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ആയിരുന്നു ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ ആശ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ഇടയിൽ യുവതിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ 45 മിനിറ്റിനു ശേഷമാണ് യുവതിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
