ഇ ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്?

തിരുവനന്തപുരം : ഇ ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സി പി എം – ബി ജെ പി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? – വി ഡി സതീശൻ.

ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത് മറച്ചുവച്ചത് എന്തനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ല. സി പി എം സംസ്ഥാന നേതൃത്വത്തിനും ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തില്‍ എത്തിയ ഇ ഡി സമന്‍സ് പാര്‍ട്ടി നേതൃത്വത്തെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ അറിയിക്കാതെ പിണറായി വിജയന്‍ രഹസ്യമാക്കി വച്ചതില്‍ ദുരൂഹതയുണ്ട്. മകന് എതിരായ സമന്‍സ് ഇ ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന്‍ പറയാതിരുന്നത് എന്തുകൊണ്ടാണ്? മടിയില്‍ കനമുണ്ടായിരുന്നോ? 

സി പി എം – ബി ജെ പി ബാന്ധവത്തില്‍ മകനെതിരായ കേസും പിണറായി വിജയന്‍ ഒത്തുതീര്‍പ്പാക്കിയോ? ആര്‍ എസ് എസ് നേതാവുമായി എ ഡി ജി പി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതേ എ ഡി ജി പിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതും പ്രത്യുപകാരമായിരുന്നോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് നല്‍കിയത് എന്തിനെന്നും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!