അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ വൈകാതെ പൂര്‍ത്തിയാക്കാനും തീരുമാനമുണ്ട്. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം.

ഉരുളി വെച്ച് എണ്ണ സമര്‍പ്പണം, പതിനൊന്നു പറയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, പരിഹാരക്രിയകള്‍ എന്ന് ചെയ്യണം എന്നതില്‍ തീരുമാനമായിട്ടില്ല. അഷ്ടമിരോഹിണി നാളില്‍ ദേവന് നിവേദിക്കും മുമ്പ്് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അടക്കം പ്രധാനപ്പെട്ട ആളുകള്‍ക്ക് സദ്യ വിളമ്പിയത് നേരത്തെ വിവാദമായിരുന്നു.

ആചാരലംഘനം നടത്തിയിട്ടില്ലെന്നും വിവാദം ആസൂത്രിതമായി കുബുദ്ധിയില്‍ ഉണ്ടായതാണെന്നുമായിരുന്നു മന്ത്രി വി എന്‍ വാസവന്‍ നേരത്തെ പ്രതികരിച്ചത്. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സദ്യ കഴിക്കണമെന്ന് പറഞ്ഞു. വളരെ അവാസ്തവവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വന്നിട്ടുള്ളത്. അഷ്ടമി രോഹിണി ദിവസം നടന്ന സംഭവം 31 ദിവസങ്ങള്‍ക്കുശേഷം വിവാദമായി വന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!