വിജയ് യുടെ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ : വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്.

ടിവികെ കരൂർ വെസ്റ്റ് ജില്ലയുടെ കീഴിലായിരുന്നു പരിപാടിയുടെ സംഘാടനം. ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉള്ളയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ദുരന്തത്തിനുപിന്നാലെ മതിയഴകൻ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരുന്നു.

ശനിയാഴ്ച കരൂരിൽനടന്ന, വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.

എഫ്‌ഐആറില്‍ വിജയ്‌ക്കെതിരേയും ഗുരുതര പരാമര്‍ശങ്ങളുള്ളതായാണ് റിപ്പോർട്ട്. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിച്ചേര്‍ന്നത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!