കൊച്ചി : ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതോടെ കാഴ്ചയില്ലാത്ത അമ്മയുമായി മകൻ വീട്ടുമുറ്റത്ത്. എറണാകുളം പറവൂർ സ്വദേശി റാഫിയും അമ്മയുമാണ് മറ്റൊരിടമില്ലാതെ പെരുവഴിയിലായത്.
റാഫിയുടെ പിതാവ് 2010ൽ നാല് ലക്ഷം രൂപ ഗ്രാമീൺ ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു. 24 ലക്ഷം രൂപ തിരികെ അടക്കണമെന്നാണ് ഇപ്പോൾ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്
ബിസിനസ് ആവശ്യത്തിനായാണ് റാഫിയുടെ പിതാവ് വറീത് ബാങ്കിൽ നിന്നും ലോണെടുത്തത്. ബിസിനസിൽ നഷ്ടം സംഭവിച്ചതിനെത്തുടർന്ന് പണം തിരികെ അടയ്ക്കാൻ വറീതിന് കഴിഞ്ഞില്ല. മൂന്നുവർഷം മുമ്പ് വറീത് മരണമടഞ്ഞു. പിന്നീടാണ് വീട് ജപ്തി ചെയ്യാൻ കോടതി വിധി വന്നത്. ആറു ദിവസം മുൻപ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. കണ്ണിനു പൂർണമായും കാഴ്ച നശിച്ച അമ്മയുമായി വീട്ടുപടിക്കലാണ് റാഫി ഇപ്പോൾ താമസിക്കുന്നത്.
വസ്ത്രങ്ങളും മരുന്നുകളും എല്ലാം വീടിനുള്ളിലാണ്. അയൽവാസികൾ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഇനി എന്തു ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിലാണ് ഈ കുടുംബം.
