എംഎസ്‍സി എൽസ കപ്പൽ മുങ്ങിയിട്ട് 3 മാസം; നഷ്ടപരിഹാരം വാങ്ങുന്നതിൽ മെല്ലെപ്പോക്ക്…

തിരുവനന്തപുരം : എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക് തുടർന്ന് സർക്കാർ. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല.

പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാൽ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം. കൊല്ലം അഴീക്കലിൽ നിന്ന് പോയ ശിവസുതൻ വള്ളത്തിന്‍റെ വല രണ്ടു തവണയാണ് എംഎസ്എസി എൽസയിൽ നിന്ന് വീണ കണ്ടെയ്നറിൽ കുടുങ്ങി കീറിയത്. വലയും ഉപകരണങ്ങളുമടക്കം 30 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

എറണാകുളം മുതൽ കൊല്ലം വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളതും ഇതേ കഥയാണ്. വലയും ഉപകരണങ്ങളും കേടാവുന്നതിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ കടവും പെരുകുകയാണ്. നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാൻ വക്കീൽ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍. ഇതിനിടെയാണ് അപകടത്തിന്‍റെ ബാധ്യത വെറും 132 കോടിയിൽ പരിമിതപ്പെടുത്താനുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ശ്രമം.

പാരിസ്ഥിതിക ആഘാതവും മത്സ്യത്തൊഴിലാളികളുടെ നഷ്ടവുമൊക്കെ കണക്കാക്കി സർക്കാർ ആവശ്യപ്പെട്ട 9531 കോടിയുടെ 1.3ശതമാനം മാത്രമാണ് കമ്പനി പറഞ്ഞ തുക. കമ്പനിയുടെ കപ്പലുകൾ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ യുള്ള നടപടികൾ തടയണമെന്നും എംഎസ്സി കോടതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എതിർക്കേണ്ട സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!