പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു… വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി

തൊടുപുഴ : പരീക്ഷാഹാളില്‍വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാര്‍ ഗവ.കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.

2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളജില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടിയിരുന്നു. സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാല്‍, ഇന്‍വിജിലേറ്റര്‍ നിര്‍ദേശം അനുസരിച്ചില്ല.

വിദ്യാര്‍ഥിനികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ ഇന്‍വിജിലേറ്റര്‍ ഇതിന് തയ്യാറാകാതിരുന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ, പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി.

പ്രൊഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. നാല് കേസുകളാണ് മൂന്നാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ടു.

എന്നാല്‍, മറ്റ് രണ്ടു കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ചുമത്തി ശിക്ഷിച്ചു.ഇതിനെതിരെ ആനന്ദ് വിശ്വനാഥന്‍ 2021-ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച കോടതി കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയു ണ്ടെന്ന് നീരീക്ഷിച്ചു. പൊലീസിനെതിരെയും ശക്തമായ വിമര്‍ശനമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!