ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മഹാകുംഭമേളയില്‍ മാലവില്‍പ്പനക്കാ രിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോണ്‍സ്‌ലെ നായികയായി മലയാളത്തില്‍.
പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് നായകൻ. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട് 6ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റർ ഓഡിറ്റോറിയത്തില്‍ നടക്കും.
ഗുഡ്‌വിൻ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറില്‍ ജിലി ജോർജ് ആണ് നിർമ്മാണം. സെപ്തംബർ അവസാനം ചിത്രീകരണം ആരംഭിക്കും. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ബോണ്‍സ്‌ലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍മീഡിയയുടെ കണ്ണില്‍ ഉടക്കുകയായിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ ഡയറി ഒഫ് മണിപ്പൂർ എന്ന ബോളിവുഡ് ചിത്രത്തില്‍ മൊണാലിസ നായികയായി അഭിനയിക്കുന്നതായി പിന്നീട് വാർത്തകള്‍ വന്നു.
സിനിമയ്ക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. ബോബി ചെമ്മണ്ണൂർ ജുവലറിയുടെ ബ്രാന്റ് അംബാസിഡറായി മൊണാലിസ കേരളത്തില്‍ എത്തിയതും വാർത്തയില്‍ ഇടംപിടിച്ചു.
മഹാകുംഭമേളയില്‍ മാലവില്‍പ്പനക്കാരിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോണ്‍സ്‌ലെ നായികയായി മലയാളത്തില്‍
